Monday, September 28, 2015

ആഘോഷങ്ങള്‍ പോലും സര്‍ഗ്ഗാത്മകമായി സംഘടിപ്പിക്കാന്‍ സാധിക്കാത്ത നമ്മുടെ ക്യാംബസ്സുകള്‍ കാണുമ്പോള്‍ ഭയമാണ് തോന്നുന്നത് . പ്രമേയപരമായി വട്ടപ്പൂജ്യത്തിലും താഴെ നില്‍കുന്ന ഒരു സിനിമയുടെ വേഷ- ഭാവാദികള്‍ അനുകരിക്കാന്മാത്രം ദാരിദ്രമാണോ നമ്മുടെ കോളേജുകളിലെ കൂട്ടുകാരുടെ ഭാവനയും ധിഷണയും ?
1) ക്യാമ്പസ്സും , തെരുവും , സമൂഹവുമെല്ലാം വെറും ആള്‍ക്കൂട്ട ഉന്മാദങ്ങളുടെ യുക്തിരഹിത ഇടങ്ങളായി മാറിയിരിക്കുന്നു . തിരശീലയിലും , തൂലികയിലും സൃഷ്ട്ടിക്കപ്പെടുന്ന സര്‍ഗ്ഗ സൃഷ്ട്ടികളും അത്രമേല്‍ ദരിദ്രവും , ജുഗുപ്സാവഹവുമാകുന്നു .
2) കേരളീയ ധിഷണയെയും , ചിന്തയെയും സ്വാധീനിച്ചിരുന്നത് ഇവിടുത്തെ കാംബസ്സുകള്‍ ആയിരുന്ന കാലമുണ്ടായിരുന്നു ; അല്‍പ്പം പുറകോട്ടു നോക്കിയാല്‍ . കവികളും , എഴുത്തുകാരും , ചിന്തകരും , തെളിമയാര്‍ന്ന ചിന്തയുള്ള രാഷ്ട്രീയ നേതാക്കളുമെല്ലാം അത്തരം കാംബസ്സിന്റെ പരിചേദങ്ങള്‍ ആയിരുന്നു .
3) ഇന്നത്തെ കുട്ടികള്‍ മോശക്കാരാന് എന്നല്ല പറയുന്നത് ,വീടില്ലാത്ത സഹപാഠിക്ക് ഒന്നാം തരാം വീട് നിര്‍മ്മിച്ചു നല്‍കുന്നതും , കൂട്ടുകാരിയുടെ രോഗിയായ അമ്മ കിടക്കുന്ന വീട്ടിലേക്കു റോഡ്‌ നിര്‍മ്മിച്ചു കോണ്ക്രീറ്റ് ചെയ്തു നല്കുന്നതുമെല്ലാം ഇതേ തലമുറയും , വിദ്യാര്‍ഥികളും തെന്നയാണ് . പക്ഷേ അവരുടെ ആവിഷ്ക്കാരങ്ങളെല്ലാം ചേലും , ചാരുതയുമില്ലാത്ത , ക്രിയാത്മക സര്‍ഗ്ഗാത്മകത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഭ്രാന്തമായ വേഷം കെട്ടലുകള്‍ മാത്രമായി , സഹാതാപാര്‍ഹമാകുന്നുണ്ട് .
4) ആഘോഷങ്ങള്‍ അര്‍മ്മാദങ്ങളായി അധപതിക്കുന്ന കോളേജുകളില്‍ നിന്നു തന്നെയാണ് ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കാനോ, വായിക്കാനോ , ഭക്ഷണം പങ്കുവയ്ക്കാനോ അനുമതി നിഷേധിക്കുന്ന തിട്ടൂരങ്ങളും ഇറങ്ങുന്നത് . ഇവിടെ പലരുടെയും വാദങ്ങള്‍ കേട്ടാല്‍ തോന്നും ഇക്കാലത്തെ കുട്ടികള്‍ മാത്രം കോളേജില്‍ പോകുന്നവരും , ആഘോഷിക്കുന്നവരും എല്ലാമാണെന്ന് . നമ്മളെല്ലാം ഭൂമിയിലേക്ക്‌ ജനിച്ചു വീണപ്പോഴേ ഇത്തരം ബിരുദങ്ങളുമായി വന്നവരാണ് ; കാംബസ്സും , ആഘോഷങ്ങളും ഒന്നും കണ്ടിട്ടില്ല എന്ന് .
മൂന്നാംകിട സിനിമകളെ അനുകരിക്കലലല്ല , കോളേജിന്റെ സര്‍ഗ്ഗാത്മകത . അത് സ്വന്തമായി വ്യക്തിത്വമില്ലാത്ത ഒരു വികല തലമുറയുടെ ലക്ഷണങ്ങള്‍ മാത്രമാണ് . എനിക്ക് മനസ്സിലാകുന്നില്ല ഈ കുട്ടികളെ . ഒരു പക്ഷേ പ്രായം കൂടുന്നതിന്റെയാകാം ...! എന്തായാലും നമ്മുടെ അനിയന്മാരും അനിയത്തിമാരും കാംബസ്സിന്റെ നന്മകളെയും , സര്‍ഗ്ഗാത്മകതകളെയും വീണ്ടെടുക്കട്ടെ ..!!





No comments:

Post a Comment